Keralam
ജാലകം

2011 ജൂൺ 17, വെള്ളിയാഴ്‌ച

കൗമാരം എങ്ങോട്ട്


കൗമാരം എങ്ങോട്ട് ?

നമ്മുടെ കുട്ടികള്‍ക്ക് ദിശാബോധം നഷ്ടപ്പെടുകയാണോ? ആരുടെ ജാഗ്രതക്കുറവാണ് പൊതുവിദ്യാലയങ്ങള്‍ക്കുമുന്നില്‍ മയക്കുഗുളികകളും ലഹരിമിഠായിയും വിതരണം നടത്താന്‍ സാമൂഹ്യവിരുദ്ധര്‍ക്ക് അവസരമൊരുക്കിയത്. പേനയും പെന്‍സിലും വയ്ക്കേണ്ട ബോക്സുകളില്‍ സിറിഞ്ചും ഹാന്‍സും വന്നതെങ്ങനെ? ഇരുപുറവും മാത്രമല്ല, ചുറ്റോടുചുറ്റും ആയിരം കണ്ണുവേണമെന്ന് ചൊല്ലിപ്പഠിപ്പിച്ച മക്കളെ എവിടെവച്ചാണ് നമുക്ക് നഷ്ടപ്പെട്ടത്. നമ്മളില്‍ ഓരോരുത്തരുടെയും മൗനം നമ്മെ ബോധ്യപ്പെടുത്തുന്നത് പലതിന്റെയും തുടക്കത്തിനുവേണ്ടിയാണ്. നാളെയുടെ കാവലാകേണ്ടവര്‍ക്ക് ഇന്നൊരു കൈത്തിരി കാണിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയെന്ന തുടക്കത്തിന്റെ. നഗരത്തിലെ സ്കൂള്‍മുറ്റങ്ങളില്‍ പലര്‍ക്കും കാലിടറുന്നത് കണ്ടില്ലെന്നു നടിക്കാന്‍ നാമെത്രമാത്രം അന്ധരാണ്. വിവിധ വിദ്യാലയങ്ങളില്‍ മയക്കുമരുന്നു വിതരണം ചെയ്യുന്ന വാഹകരില്‍ ഒരാളെ ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ പൊലീസ് അറസ്റ്റുചെയ്തു. അന്വേഷണം ശക്തമായപ്പോള്‍ തൊട്ടടുത്തദിവസംതന്നെ അഞ്ഞൂറോളം ഗുളികകളടക്കം മറ്റൊരു ചെറുപ്പക്കാരനും പിടിയിലായി.
ഇതൊന്നും ഒറ്റരാത്രികൊണ്ടു മുളച്ചുപൊന്തിയ ഇടപാടുകളല്ല. ഘട്ടംഘട്ടമായി നമ്മുടെ മക്കളില്‍ ഇവര്‍ നടത്തിയ കാന്‍വാസിങ്ങിന്റെ മാത്രം ഫലമാണ്. കടുത്ത മാനസിക അസ്വാസഥ്യമുള്ളവര്‍ക്കു മാത്രം കഴിക്കാനായി ഡോക്ടര്‍മാര്‍ കുറിക്കുന്ന ഗുളികകളാണ് നമ്മുടെ മക്കള്‍ അളവില്ലാതെ ദിവസേന ഇവരില്‍നിന്നു വാങ്ങിക്കഴിക്കുന്നത് എന്ന കാര്യം എന്താണ് നാമിതുവരെ തിരിച്ചറിയാഞ്ഞത്? മനസ്സാക്ഷിയോടു ചോദിക്കൂ, ആരാണ് കുറ്റവാളികള്‍ ? അന്യസംസ്ഥാനങ്ങളില്‍നിന്ന് മയക്കുമരുന്നെത്തിച്ച് ഇവിടെ വിതരണം നടത്തിയവരോ. അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളും സാമൂഹിക തിന്മകളും തുടച്ചുനീക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ട നിയമപാലകരോ. പുസ്തകത്തിനും ചോറ്റുപാത്രത്തിനുമൊപ്പം ഈസി ചാര്‍ജ്ചെയ്യാനും ഐസ്ക്രീം കഴിക്കാനുമായി പോക്കറ്റ്മണി വച്ചുകൊടുക്കുന്ന രക്ഷിതാക്കളായ നമ്മളോ. കുട്ടികള്‍ അവരുടെ ദിവസത്തില്‍ ഏറിയപങ്കും ചെലവഴിക്കുന്നത് അധ്യാപകര്‍ക്കുമുമ്പിലാണ്, അവരും ഇതൊന്നുമറിയുന്നില്ലയെങ്കില്‍ എന്താണ് വിദ്യാഭാ്യാസംകൊണ്ട് നാം അര്‍ഥമാക്കുന്നത്.
പൊതുജനപങ്കാളിത്തത്തോടെ തന്നെ ജാഗ്രതാ സമിതികള്‍ രൂപം നല്‍കണം. കച്ചവടക്കാര്‍ക്കും ബോധവത്കരണം വേണം. അന്നന്ന് ലാഭംനേടാന്‍ അവര്‍ കുരുതികൊടുക്കുന്നത് നമുക്ക് താങ്ങാവേണ്ട തലമുറയെയാണ് എന്ന തിരിച്ചറിവ് അവര്‍ക്കുകിട്ടണം. പെട്ടിക്കടകളിലും സ്റ്റേഷനറിക്കടകളിലും ഫാന്‍സികടകളിലും നമ്മുടെ മറുകണ്ണ് പതിയണം. പ്ലസ്ടു ക്ലാസുകളില്‍ "ചൈനികൈനി" എന്ന പാന്‍പരാഗ് ഉപയോഗിക്കാത്തവര്‍ ചുരുക്കമാണ്. ക്ലാസില്‍ ഉറക്കം തൂങ്ങിയിരുന്ന ചില പുള്ളികളെ അധ്യാപകര്‍ ചോദ്യംചെയ്തതോടെയാണ് ഈ വിവരം പുറത്തായത്. ഉറവിടമന്വേഷിച്ച് അധികമൊന്നും വലയേണ്ടിവന്നില്ല. സ്കൂളിനു തൊട്ടരികിലുള്ള പെട്ടിക്കടതന്നെ. പത്താംക്ലാസില്‍ പഠിക്കുന്ന മകന്‍ ഇയര്‍ഫോണ്‍ ചെവിയിലും മറ്റെന്തോ സാധനം മൂക്കിലും തിരുകിവച്ചു കിടക്കുന്നതു കണ്ടാണ് അധ്യാപകന്‍കൂടിയായ അച്ഛന്‍ മകന്റെ മുറിയിലേക്കെത്തിയത്. അച്ഛനെ കണ്ടയുടന്‍ മകന്‍ "സാധന"മൊളിപ്പിച്ചു. ചോദ്യംചെയ്യലില്‍ തെളിഞ്ഞു, മഷി മായ്ക്കാനുപയോഗിക്കുന്ന വൈറ്റ്നര്‍ ആണെന്ന്. ഇത് മൂക്കില്‍ വച്ച് വലിച്ചാല്‍ ലഹരിയാണത്രെ. ഒരു ട്യൂബിന് 30 രൂപയോളം വരും. കൂട്ടുകാര്‍ പിരിവിട്ടാണ് വാങ്ങുക. കൂടുതല്‍ പണം മുടക്കിയയാള്‍ക്ക് "സാധനം" വീട്ടില്‍ക്കൊണ്ടുപോകാം. വൈറ്റ്നര്‍ വില്‍ക്കരുതെന്നു കടക്കാരനോടു പറയുന്നതെങ്ങനെ? നാം തന്നെയാണ് കാരണക്കാര്‍ . സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും പണംകൊടുത്തല്ല അത് ചെയ്യേണ്ടതെന്നുമറിയാന്‍ നാം ആരെ ആശ്രയിക്കണം. ഓരോരോ സംഘടനകള്‍ക്കു രൂപം നല്‍കുന്നതു മാത്രമല്ല നമ്മുടെ ഉത്തരവാദിത്തം. അവയുടെ ലക്ഷ്യപ്രാപ്തി നമ്മുടെ ഭാവിതന്നെയാകുന്നു എന്ന തിരിച്ചറിവുകൂടിയുണ്ടാവണം. അപ്പോള്‍ മാത്രമേ അതു പ്രകാശിക്കൂ; നാളെയുടെ വഴിവിളക്കായി.

2011 ജൂൺ 11, ശനിയാഴ്‌ച

അംഗീകാരത്തിന് അണ്‍എയ്ഡഡിലും കോടികള്‍ പിരിക്കുന്നു


അംഗീകാരത്തിന് അണ്‍എയ്ഡഡിലും കോടികള്‍ പിരിക്കുന്നു

സ്വന്തം ലേഖകന്‍ തിരു: അംഗീകാരം ഇല്ലാത്ത അണ്‍എയ്ഡഡ് മാനേജ്മെന്റുകളും സര്‍ക്കാര്‍ അംഗീകാരത്തിന് പണപ്പിരിവുമായി രംഗത്ത്. രണ്ടായിരത്തിലേറെ അണ്‍എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകളാണ് അംഗീകാരത്തിന് ശ്രമിക്കുന്നത്. വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് മൂന്നു മുതല്‍ 10 ലക്ഷം രൂപവരെയാണ് വാഗ്ദാനം. ഇത്തരത്തില്‍ 100 കോടിയോളം രൂപ പിരിച്ചെടുക്കാനാണ് നീക്കം. അഞ്ഞൂറിലേറെ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പുതിയ നീക്കം. ഭരണതലത്തില്‍ ബന്ധമുള്ള ചില സ്കൂള്‍ മാനേജ്മെന്റുകളുടെ ഏജന്റുമാര്‍ അംഗീകാരം നേടിത്തരാമെന്ന വാഗ്ദാനത്തില്‍ മറ്റ് മാനേജ്മെന്റുകളെയും സമീപിക്കുന്നു. തിരുവനന്തപുരം നഗരത്തിലെ അംഗീകാരമില്ലാത്ത ഒരു സ്കൂള്‍ മാനേജ്മെന്റിനോട് മലപ്പുറത്തെ ഏജന്റ് ചോദിച്ചത് പത്ത് ലക്ഷം രൂപയാണ്. 100ല്‍ താഴെ കുട്ടികള്‍ പഠിക്കുന്ന സ്കൂള്‍ മൂന്ന് ലക്ഷവും 100 മുതല്‍ 200 വരെ കുട്ടികള്‍ പഠിക്കുന്നത് അഞ്ചു ലക്ഷവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളുകള്‍ 10 ലക്ഷം രൂപയും നല്‍കണമെന്നാണ് ഏജന്റ് പറഞ്ഞത്. പണം നല്‍കിയാലേ അംഗീകാരം കിട്ടൂവെന്നും ഏജന്റ് അറിയിച്ചു. ഒരു ഭരണാനുകൂല സംഘടനയുടെ സ്വാധീനത്തില്‍ ഡിപിഐയില്‍നിന്ന് പഴയ അപേക്ഷകളിലെ വിലാസം സംഘടിപ്പിച്ചാണ് പണപ്പിരിവ്. 14 ജില്ലയിലും ഇത്തരത്തില്‍ ഏജന്റുമാര്‍ മാനേജ്മെന്റുകളുമായി ബന്ധപ്പെട്ടു വരുന്നു. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ മൂവായിരത്തോളം അണ്‍എയ്ഡഡ് സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ശ്രമം നടന്നിരുന്നു. വ്യാപക എതിര്‍പ്പിനെ തുടര്‍ന്നാണ് അന്ന് ഇതിനുള്ള ശ്രമം ഉപേക്ഷിച്ചത്. സര്‍ക്കാര്‍ -എയ്ഡഡ് സ്കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞു വരുമ്പോഴാണ് പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന വിധത്തില്‍ കൂടുതല്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നത്. കുട്ടികളുടെ കുറവ് മൂലം 1977 മുതല്‍ 2010 വരെ 3,820 അധ്യാപകര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ അനാദായകരമാണെന്ന കാരണം പറഞ്ഞ് 3,400 സ്കൂളുകളില്‍ 2,000 സ്കൂള്‍ പൂട്ടാന്‍ ശ്രമിച്ചിരുന്നു. 51 സ്കൂളുകള്‍ പൂട്ടിയപ്പോള്‍ ഉയര്‍ന്ന വ്യാപക പ്രതിഷേധത്തെതുടര്‍ന്നാണ് മറ്റ് സ്കൂളുകള്‍ പൂട്ടുന്നത് നിര്‍ത്തിയത്. സംസ്ഥാനത്ത് ഇപ്പോള്‍ 3,600 സ്കൂളുകള്‍ അനാദായകരമായി പ്രവര്‍ത്തിക്കുന്നതായാണ് കണക്കാക്കുന്നത്.

2011 ജനുവരി 10, തിങ്കളാഴ്‌ച

ഐ.പി.എല്‍ അഥവ ഇന്ത്യന്‍ പണക്കൊഴുപ്പ്‌ ലീഗ്‌


  
ശതകോടികളുടെ ചൂതാട്ട കേന്ദ്രമായ ഐ.പി.എല്ലില്‍ ഇളംകാറ്റിനു പോലും കോടികളുടെ ഗന്ധം. അഞ്ചും പത്തും കോടി രൂപ നല്‍കി കളിക്കാരനെ വാങ്ങുന്ന ഫ്രാഞ്ചൈസികളുടെ പണക്കൊഴുപ്പോര്‍ത്തു മൂക്കത്തു വിരല്‍ വയ്‌ക്കുമ്പോള്‍ നമ്മള്‍ അറിയുന്നില്ല, കളിക്കാര്‍ക്ക്‌ നല്‍കുന്നത്‌ ഫ്രാഞ്ചൈസിയുടെ മൊത്തം ചിലവിന്റെ അഞ്ചു ശതമാനം പോലും വരുന്നില്ല എന്ന്‌. 1500 കോടി രൂപയാണ്‌ പുതിയതായി രൂപീകരിച്ച കൊച്ചിയുടെയും പുനെയുടെയും മൂല്യം. മൂന്നു വര്‍ഷം മുന്‍പ്‌ 400 കോടി രൂപ വരെയായിരുന്നു ഫ്രാഞ്ചൈസിക്കായി മുതല്‍മുടക്കേണ്ടിയിരുന്നത്‌ എന്നറിയുമ്പോഴാണ്‌ വളര്‍ച്ചയുടെ വ്യാപ്‌തി വ്യക്‌തമാകുന്നത്‌.

കൊച്ചി കൊച്ചുപട്ടണമാണെങ്കിലും ഐപിഎല്ലിലെ കൊച്ചി ടീം അത്ര കൊച്ചുകാര്യമല്ല. 1500 കോടി രൂപ മുതല്‍മുടക്കി പണിതുയര്‍ത്തിയിരിക്കുന്ന ഒരു വമ്പന്‍ കമ്പനിയാണിത്‌. എന്നാല്‍ കളി കാണുന്നതും കൈയടിക്കുന്നതും ഒഴിച്ച്‌ നേട്ടം മുഴുവന്‍ കോടീശ്വരന്‍മാര്‍ക്ക്‌ എന്നു കരുതുന്നതും തെറ്റ്‌. കൊച്ചി കേന്ദ്രീകരിച്ചു ടീം വന്നതിന്റെ ഗുണം കോടീശ്വരന്മാര്‍ മുതല്‍ കൊച്ചു മാടക്കടക്കാരനു വരെ ലഭിക്കുമെന്നത്‌ ഇതിന്റെ മറ്റൊരു ബിസിനസ്‌ വശം! 1533.32 കോടി രൂപ മുതല്‍മുടക്കി അണിയിച്ചൊരുക്കുന്ന ടീം ലാഭം പിടിക്കാന്‍ മൂന്നു വര്‍ഷം വേണ്ടിവരുമെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌.

എന്നാല്‍ ആദ്യ മൂന്നു വര്‍ഷത്തിനു ശേഷവും പല കമ്പനികളും ലാഭത്തിലാണോ എന്നു ചോദിച്ചാല്‍ വ്യക്‌തമായ ഉത്തരം ലഭിക്കുകയുമില്ല. അതേസമയം ഓഹരി വില്‍പനയിലൂടെ ലാഭം നേടാന്‍ അനായാസം കഴിയുകയും ചെയ്യും.

വര്‍ഷം ഒന്നു കഴിയുമ്പോള്‍ ടീമിന്റെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനയാണ്‌ ഓഹരിയുടമകള്‍ക്ക്‌ ലാഭം നേടിക്കൊടുക്കുന്നത്‌. 300 കോടി രൂപയ്‌ക്ക് വാങ്ങിയ ഫ്രാഞ്ചൈസിയായ രാജസ്‌ഥാന്‍ റോയല്‍സിന്റെ 11 .7 ശതമാനം രണ്ടാം സീസണു തൊട്ടുമുന്‍പ്‌ നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവ്‌ രാജ്‌ കുന്ദ്രയും ചേര്‍ന്നു വാങ്ങിയത്‌ 70 കോടി രൂപയ്‌ക്കാണ്‌. 

2011 ജനുവരി 8, ശനിയാഴ്‌ച

കരളത്തിന്റെ നയം

ഗുജറാത്ത് മാതൃകയ്ക്കായി കേരളത്തെ വിട്ടുകൊടുക്കില്ലെന്ന് വി.എസ്.



തൃശൂര്‍: ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലെ വികസനം മാതൃകയാക്കി കേരളത്തിന്റെ മണ്ണിനേയും പ്രകൃതിയേയും റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പുകള്‍ക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍. വെള്ളക്കെട്ടിലും കണ്ടല്‍ക്കാടിലും മാത്രമേ വികസനം നടക്കുകയുള്ളൂവെന്ന് ശാഠ്യം പിടിക്കുന്നവരുടെ ലക്ഷ്യം ഐ.ടി. വികസനം അല്ലെന്നും വി.എസ്. വ്യക്തമാക്കി. 

തൃശൂര്‍ ജില്ലയിലെ കൊരട്ടിയിലുള്ള ഐ.ടി. പാര്‍ക്കിന്റെ രണ്ടാംഘട്ട വികസന നവീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സി.പി.എം. സംഘടിപ്പിച്ച അന്തര്‍ദേശീയ പഠന കോണ്‍ഗ്രസില്‍ ചില സംസ്ഥാനങ്ങളിലെ വികസന മാതൃകകളെ സൂചിപ്പിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയോടുള്ള മറുപടിയായാണ് ഈ പ്രതികരണം വിലയിരുത്തപ്പെടുന്നത്. 

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടേണ്ട സാഹചര്യമില്ലെന്നും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവളം കൊട്ടാരം ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 

ഇടക്കൊച്ചി സ്റ്റേഡിയത്തിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് വിശദമായ കൂടിയാലോചന നടത്തും. കേന്ദ്രമന്ത്രി ജയറാം രമേശിന്റെ വാദമാണോ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വാദമാണോ ഇക്കാര്യത്തില്‍ ശരിയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കണ്ടല്‍കാടുകള്‍ വെട്ടിനശിപ്പിച്ചുള്ള നിര്‍മ്മാണമായതിനാല്‍ സ്‌റ്റേഡിയത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി ജയറാം രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. 

2011 ജനുവരി 1, ശനിയാഴ്‌ച

കേരളവികസനം





 നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭകരമാക്കി മാറ്റാമെന്ന് തെളിയിക്കുകയാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തതെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേരളവികസനം എന്ന വിഷയത്തില്‍ എ.കെ.ജി. സ്മാരക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മൂന്നാമത് അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്. 

നഷ്ടത്തിലായ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം ലാഭകരമാക്കി മാറ്റാന്‍ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാരിന് കഴിഞ്ഞു. ഇന്ധനവില നിര്‍ണ്ണയത്തില്‍ ഇടപെടാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തുകളഞ്ഞതുവഴി സ്വകാര്യകുത്തകകളെ സഹായിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതാണ് ഇന്ധനവില വര്‍ധനവിന് ഇടയാക്കിയതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. 

ഭക്ഷ്യധാന്യവിഹിതം അടക്കം കേരളത്തിന് നല്‍കേണ്ട ആനുകൂല്യങ്ങളെല്ലാം മരവിപ്പിക്കാനുള്ള ശ്രമമാണ് കേന്ദ്രം ചെയ്തുകൊണ്ടിരിക്കുന്നതെന്നും ആസിയാന്‍ കരാറിലുള്ള കേരളത്തിന് ദോഷകരമാകുന്ന വ്യവസ്ഥകള്‍ പുനഃപരിശോധിക്കാന്‍ കേന്ദ്രം തയ്യറായില്ലെന്നും കാരാട്ട് വിമര്‍ശിച്ചു. ബയോ ടെക്‌നോളജി അടക്കമുള്ള മേഖലകളില്‍ കേരളം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.